
വാണിയംപാറ. മണ്ണുത്തി-വടക്കഞ്ചേരി ദേശീയപാതയിൽ ജില്ലാ അതിർത്തി മേഖല ഉൾപ്പെടെ നിർമ്മാണം പുരോഗമിക്കുന്ന ഏകദേശം രണ്ട് കിലോമീറ്റർ ദൈർഘ്യമുള്ള മേൽപ്പാലം പൂർത്തിയാകുന്നതോടെ പ്രധാന ജംഗ്ഷനായ വാണിയമ്പാറ രണ്ടായി വിഭജിക്കപ്പെടുകയും ജനങ്ങളുടെ ദൈനംദിന യാത്രയും അടിയന്തര സേവനങ്ങളും ഗുരുതരമായി പ്രതിസന്ധിയിലാകുകയും ചെയ്യുന്ന സാഹചര്യത്തിൽ ജനകീയ പ്രതിഷേധം ശക്തമാക്കുമെന്ന് ഒല്ലൂർ എം.എൽ.എ അഡ്വ. കെ. രാജൻ പറഞ്ഞു. വാണിയമ്പാറയിൽ നടന്ന പ്രതിഷേധ യോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
മണ്ണുത്തി-വടക്കഞ്ചേരി ദേശീയപാതയിലെ ഏറ്റവും വലിയ പാലമാണ് വാണിയമ്പാറയിൽ നിർമ്മാണം പുരോഗമിക്കുന്നതെന്ന് എം.എൽ.എ ചൂണ്ടിക്കാട്ടി. എന്നാൽ പാലം യാഥാർത്ഥ്യമാകുന്നതോടെ വാണിയമ്പാറ ജംഗ്ഷന്റെ ഇരുവശങ്ങളിലുമായി സ്ഥിതി ചെയ്യുന്ന മൃഗാശുപത്രി, ബാങ്കുകൾ, സ്‌കൂളുകൾ, ആശുപത്രി തുടങ്ങി നിരവധി പ്രധാന സ്ഥാപനങ്ങളിലേക്ക് കാൽനടയാത്രക്കാർക്കും ചെറുവാഹനങ്ങൾക്കും നേരിട്ട് എത്തിപ്പെടാൻ കഴിയാത്ത സാഹചര്യമുണ്ടാകും.ലനിലവിൽ സുഗമമായി ഇരുവശങ്ങളിലേക്കും സഞ്ചരിക്കുന്ന ജനങ്ങൾക്ക് ഏകദേശം രണ്ട് കിലോമീറ്ററോളം അധികദൂരം സഞ്ചരിക്കേണ്ടിവരുന്നതും വലിയ പ്രയാസമാണ്.
പ്രത്യേകിച്ച് ആംബുലൻസ് ഉൾപ്പെടെയുള്ള അടിയന്തര വാഹനങ്ങൾക്ക് ആശുപത്രിയിലെത്താൻ പോലും വലിയ ദൂരം ചുറ്റി സഞ്ചരിക്കേണ്ടിവരുന്ന സാഹചര്യം ഗുരുതരമായ ആശങ്കയാണ്. അതിനാൽ പാലത്തിന്റെ താഴ്ഭാഗത്തുകൂടി ഇരുവശങ്ങളിലേക്കും വാഹനങ്ങൾക്കും കാൽനടയാത്രക്കാർക്കും സുരക്ഷിതമായി കടന്നുപോകാൻ കഴിയുന്ന തരത്തിൽ അനുയോജ്യമായ ക്രോസിംഗ് സൗകര്യം അടിയന്തരമായി ഒരുക്കണമെന്ന് പ്രതിഷേധ യോഗം ആവശ്യപ്പെട്ടു.
പാണഞ്ചേരി ഗ്രാമ പഞ്ചായത്ത് ഏഴാം വാർഡ് മെമ്പർ സനിൽ വാണിയമ്പാറ അധ്യക്ഷനായി. ഒല്ലൂക്കര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശ്രീവിദ്യ രാജേഷ്, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് മാത്യൂ നൈനാൻ, ജില്ലാ പഞ്ചായത്ത് മെമ്പർ പി. എസ്. വിനയൻ, പാണഞ്ചേരി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് മിനു വർഗീസ്, ബ്ലോക്ക് സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്‌സൺ കെ.എ. അബൂബക്കർ, പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ. പി. ചാക്കോച്ചൻ എന്നിവരുൾപ്പെടെയുള്ള ജനപ്രതിനിധികളും വിവിധ രാഷ്ട്രീയ പാർട്ടി നേതാക്കളും പ്രതിഷേധത്തിൽ പങ്കെടുത്തു.

Leave a Reply