
അന്തിക്കാട്: പാടശേഖരത്തിലെ മോട്ടോർ പമ്പ് സെറ്റിൽനിന്ന് വിലപിടിപ്പുള്ള ഇലക്ട്രിക് കേബിൾ മോഷ്ടിച്ച കേസിൽ യുവാവ് പിടിയിൽ. ചാഴൂർ വില്ലേജ് പട്ടത്തിൽ വീട്ടിൽ അനന്ദു (20) ആണ് അന്തിക്കാട് പോലീസിന്റെ പിടിയിലായത്. കഴിഞ്ഞ ജൂലൈ മാസത്തിനും സെപ്റ്റംബർ എട്ടിനും ഇടയിൽ കോവിലകം പടവ് പാടശേഖരത്തിലെ മോട്ടോർ പമ്പ് സെറ്റിൽ ഘടിപ്പിച്ചിരുന്ന എട്ട് മീറ്ററോളം നീളമുള്ള കേബിൾ മോഷ്ടിച്ച സംഭവത്തിലാണ് ഇയാൾ അറസ്റ്റിലായത്. 28,000 രൂപയോളം വിലമതിക്കുന്ന കേബിളാണിത്. കോവിലകം പടവ് പാട ശേഖരത്തിലെ സെക്രട്ടറിയായ വിനോദിന്റെ പരാതിയെത്തുടർന്ന് അന്തിക്കാട് പോലീസ് കേസെടുക്കുകയും തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് അനന്ദു അറസ്റ്റിലായത്.
സമാനമായ മറ്റു കേസുകളിൽ അനന്ദു ഉൾപ്പെട്ടിട്ടുണ്ടോ എന്ന് അന്വേഷണം നടത്തിവരുന്നു. അനന്ദു അന്തിക്കാട്, തൃശ്ശൂർ ഈസ്റ്റ്, തൃശ്ശൂർ റെയിൽവേ പോലീസ് സ്‌റ്റേഷനുകളിലായി വീട്ടിൽ അതിക്രമിച്ചു കയറിയുള്ള മോഷണം നടത്തിയ ഒരു കേസ്, കഞ്ചാവ് ബീഡി ഉപയോഗിച്ച ഒരു കേസും അടക്കം 5 ക്രിമിനൽ കേസുകളിലെ പ്രതിയാണ്. അന്തിക്കാട് പോലീസ് സ്‌റ്റേഷൻ എസ്എച്ച്ഒ ഋഷിപ്രസാദ്, സബ് ഇൻസ്‌പെക്ടർമാരായ വിഷ്ണുപ്രസാദ്, വിഷ്ണു, സിവിൽ പോലീസ് ഓഫീസർ ഷാജി എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.

Leave a Reply