
കോഴിക്കോട്: മദ്യപിച്ച് വാഹനമോടിച്ച് അപകടമുണ്ടാക്കിയ യൂട്യൂബർ അശ്വന്ത് കോക്ക് കസ്റ്റഡിയിൽ. ഇന്നലെ വൈകുന്നേരം എരഞ്ഞിപ്പാലം സരോവരം ബയോപാർക്കിനു സമീപമായിരുന്നു സംഭവം. അമിത വേഗത്തിലെത്തിയ അശ്വന്തിന്റെ ഥാർ ജീപ്പ് മൂന്നു വാഹനങ്ങളിൽ ഇടിക്കുകയായിരുന്നു. അപകടത്തിൽ ഇരുചക്രവാഹനത്തിൽ സഞ്ചരിക്കുകയായിരുന്ന ഭിന്നശേഷിക്കാരായ രണ്ടു പേർക്കു പരിക്കേറ്റിട്ടുണ്ട്.
അപകടം കണ്ടതിനെത്തുടർന്ന് സംഭവസ്ഥലത്ത് ഉണ്ടായിരുന്ന നാട്ടുകാർ കാർ തടഞ്ഞുവയ്ക്കുകയും അശ്വന്തിനെ പൊലിസിൽ ഏൽപിക്കുകയുമാണുണ്ടായത്. അപകടസമയത്ത് ഇയാൾ കടുത്ത മദ്യലഹരിയിലായിരുന്നു. അശ്വന്ത് വാഹനത്തിനു പുറത്തിറങ്ങി കാർ തടഞ്ഞവരോടു തർക്കിക്കാൻ ശ്രമിച്ചു. ഇതോടെ പൊലിസ് കസ്റ്റഡിയിലെടുത്തു. ഇയാൾക്കെതിരേ മദ്യപിച്ച് വാഹനമോടിച്ചതിനും അപകടകരമായ രീതിയിൽ വണ്ടിയോടിച്ചതിനും പൊലീസ് കേസെടുത്തു.

Leave a Reply