
ചിറ്റൂർ: മൂലത്തറ റഗുലേറ്ററിനു സമീപം റോഡരികിൽ അജ്ഞാത യുവാവിനെ മരിച്ചനിലയിൽ കണ്ടെത്തിയ സംഭവം ആൾകൂട്ട കൊലപാതകമെന്നു സ്ഥിരീകരിച്ച് പൊലീസ്. കേസുമായി ബന്ധപ്പെട്ട് നെടുമ്പാറ സ്വദേശികളായ ഏഴു യുവാക്കളെ മീനാക്ഷിപുരം പൊലിസ് അറസ്റ്റുചെയ്തു. ഗോപാലപുരം സ്രാമ്പി തട്ടാൻച്ചുള്ള സ്വദേശികളായ കാർത്തിക് (26), നവീൻ (24), സജ്ഞയ് (27), പ്രശാന്ത് (35) കതിരേശ് (23), മണികണ്ഠൻ (25), സൂര്യപ്രകാശ് (27) എന്നിവരാണ് അറസ്റ്റിലായത്. ഇവരെ ഇന്നു കോടതിയിൽ ഹാജരാക്കുമെന്ന് പൊലീസ് അറിയിച്ചു.
തൃശൂർ മെഡിക്കൽ കോളജിൽ നടന്ന പോസ്റ്റുമോർട്ടത്തിൽ മർദനംമൂലം ആന്തരികാവയവങ്ങളിൽ ഉണ്ടായ രക്തസ്രാവമാണ് മരണ കാരണമെന്ന് കണ്ടെത്തിയിരുന്നു. മൃതദേഹത്തിൽ പല ഭാഗത്തും ചതവുകണ്ടതിൽ നാട്ടുകാർ സംശയം പ്രകടിപ്പിച്ചിരുന്നു.
ഞായറാഴ്ച പുലർച്ചെയാണു റോഡരികിൽ മൃതദേഹം കണ്ടെത്തിയത്. സംഭവത്തെക്കുറിച്ച് മീനാക്ഷിപുരം പൊലിസ് പറയുന്നത് ഇങ്ങനെ: തമിഴ്നാട് സ്വദേശിയെന്നു സംശയിക്കുന്നയാൾ ശനിയാഴ്ച വൈകീട്ട് നെടുമ്പാറയിലെത്തി സ്ത്രീകൾക്കു മുന്നിൽ നഗ്നതാ പ്രദർശനവും ലൈംഗികച്ചുവയുള്ള ആംഗ്യവും കാണിച്ചെന്ന് ആരോപിച്ച് ഏഴംഗ യുവാക്കളടെ സംഘം മർദിക്കുകയായിരുന്നു. അവശനിലയിൽ ആയതോടെയാണ് വിട്ടയച്ചത്. തുടർന്ന് രണ്ടു കിലോമീറ്റർ അകലെയുള്ള മൂലത്തറ റഗുലേറ്ററിനു സമീപമാണ് മൃതദേഹം കണ്ടത്തിയത്.
ചിറ്റൂർ ഡിവൈഎസ്പി ശശിധരന്റെ നേതൃത്വത്തിൽ നടന്ന അന്വേഷണത്തിൽ നെടുമ്പാറയിലെ വ്യാപാരസ്ഥാപനത്തിലെ സിസിടിവിയിൽ നിന്നു ലഭിച്ച തെളിവുകളുടെ അടിസ്ഥാനത്തിലാണ് ഏഴു പേരെയും കസ്റ്റഡിയിലെടുത്തു ചോദ്യം ചെയ്യുന്നത്. മരണപ്പെട്ട വ്യക്തിയെക്കുറിച്ച് തമിഴ്നാട് കേന്ദ്രീകരിച്ച് അന്വേഷണം വ്യാപിപ്പിച്ചു.

Leave a Reply