
തൃശൂർ. ഹണിട്രാപ്പിലൂടെ പുത്തൂർ സ്വദേശിയ ആക്രമിച്ച് പണം തട്ടിയ സംഭവത്തിൽ പ്രതികൾ തൃശൂർ സിറ്റി പോലീസിന്റെ പിടിയിലായി. പുത്തൂർ സ്വദേശിയുടെ പെൺസുഹൃത്ത് മാന്ദാമംഗലം സ്വദേശിനി ഒറ്റക്കുന്നിൽ വീട്ടിൽ അലോന (19), അലോനയുടെ ആൺസുഹൃത്ത് കല്ലൂർ സ്വദേശി അറങ്ങാശ്ശേരി വീട്ടിൽ ജോയൽ (20), തൃശൂർ മാന്ദാമംഗലം സ്വദേശി മുരിക്കിൻപ്പാറ വാകക്കുഴിയിൽ വീട്ടിൽ ലിഷ (40), തൃശൂർ കൂർക്കഞ്ചേരി സ്വദേശി വടൂക്കര കളപ്പാട്ടിൽ വീട്ടിൽ ആഷിദ് (32), പാലക്കാട് യാക്കര ചടനാംകുറിശ്ശി സ്വദേശിയായ മൈത്രിനഗറിൽ അൻസാർ (26) എന്നിവരെയാണ് പിടികൂടിയത്.
ഒക്ടോബർ 10നാണ് കേസിനാസ്പദമായ സംഭവം ഉണ്ടായത്. പ്രതികൾ പൂത്തൂർസ്വേദശിയെ ആക്രമിച്ച് പണം തട്ടിയെടുക്കണമെന്ന ഉദ്ദേശത്തോടും കരുതലോടുംകൂടി ആസൂത്രിതമായി അലോനയുടെ ആവശ്യപ്രകാരം തൃശ്ശൂർ ശക്തൻ സ്റ്റാന്റിൽ നിന്നും പരാതിക്കാരന്റെ കാറിൽ പാലക്കാട്ടേക്ക് പോവുകയായിരുന്നു. യാത്രയിലുടനീളം അലോന ഫോണിലൂടെ മറ്റ് പ്രതികൾക്ക് മെസ്സേജ് നൽകുകയും ചെയ്തു. അലോനയുടെ ഫോൺ സന്ദേശം കിട്ടിയ മറ്റു പ്രതികൾ ചേർന്ന് പാലക്കാട് ടിപ്പു സുൽത്താൻ കോട്ടക്ക് അടുത്തുള്ള ഹോട്ടൽ റൂമിലേക്ക് അതിക്രമിച്ച് കയറി പുത്തൂർ സ്വദേശിയെ ദേഹോപദ്രവം ഏൽപിക്കുകയും കൈവശമുണ്ടായിരുന്ന കാറിൻെറ താക്കോൽ, പഴ്സ്, മൊബൈൽ ഫോൺ എന്നിവ പിടിച്ചു വാങ്ങുകയും ചെയ്തു. തുടർന്ന് പരാതിക്കാരനുമായി അലോനക്ക് ഒപ്പം ഇരിക്കുന്ന ഫോട്ടോകളും വീഡിയോകളും പ്രതികളുടെ ഫോണിൽ പകർത്തിയും പരാതിക്കാരന്റെ പഴ്സിൽ ഉണ്ടായിരുന്ന 9000 രൂപയും മൊബൈൽ ഫോണിലെ ഗൂഗിൾ പേ വഴി 16500 രൂപയും തട്ടിയെടുക്കുകയുമായിരുന്നു. തുടർന്ന് രണ്ട് ലക്ഷം രൂപ കൊടുത്തില്ലെങ്കിൽ ഫോണിൽ ഫോട്ടോകളും വീഡിയോകളും ഭാര്യക്ക് അയച്ച് കൊടുത്തും സോഷ്യൽ മീഡിയിൽ പ്രചരിപ്പിച്ചും പൊതുജന മധ്യത്തിൽ നാണം കെടുത്തുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തിയും തുടർന്ന് പല തവണയായി ഫോണിൽ വിളിച്ച് ഭീഷണിപ്പെടുത്തി പണം ആവശ്യപ്പെടുകയുമായിരുന്നു.
സംഭവത്തിന് ശേഷം പുത്തൂർ സ്വദേശിയായ യുവാവ് ഒല്ലൂർ പോലീസ് സ്റ്റേഷനിലെത്തി പരാതി നൽകിയതിന്റെ അടിസ്ഥാനത്തിൽ ഒല്ലൂർ പോലീസ് കേസ്സ് രജിസ്റ്റർ ചെയ്യുകയും അന്വേഷണത്തിനായി ഈസ്റ്റ് പോലീസ് സ്റ്റേഷനിലേക്ക് കൈമാറുകയും, തുടർന്ന് തൃശ്ശൂർ സിറ്റി പോലീസ് കമ്മീഷ്ണർ നകുൽ രാജേന്ദ്ര ദേശ്മുഖ് ഐപിഎസ് സ്പെഷ്യൽ ടീമിനെ അന്വേഷണത്തിനായി നിയോഗിക്കുകയും ചെയ്തു. സ്പെഷ്യൽ ഇൻവെസ്റ്റിഗേഷൻ ടീമിനെ നിയോഗിച്ചുള്ള അന്വേഷണത്തിൽ ഈ കേസ്സിലെ രണ്ടു പ്രതികളെ കുട്ടനെല്ലൂർ നിന്നും പിടിക്കുകയും അവരെ ചോദ്യം ചെയ്തതിൽ നിന്നും ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ മറ്റു പ്രതികളെ മാന്നാമംഗലം, വടൂക്കര, പാലക്കാട് എന്നീ സ്ഥലങ്ങളിൽ നിന്ന് പിടികൂടുകയായിരുന്നു.
തൃശൂർ സിറ്റി പോലീസ് കമ്മീഷണർ നകുൽ ആർ ദേശ്മുഖ് ഐപിഎസിൻറെ നിർദ്ദേശപ്രകാരം അസിസ്റ്റൻറ് കമ്മീഷണർ രാജേഷ് ടി. ആർ, സ്പെഷ്യൽ ബ്രാഞ്ച് അസിസ്റ്റൻറ് കമ്മീഷ്ണർ ബിജോയ് എന്നിവരുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം ആണ് 12 മണിക്കൂറിനുള്ളിൽ അതിസാഹസികമായി പ്രതികളെ പിടികൂടുകയിരിക്കുന്നത്. അന്വേഷണ സംഘത്തിൽ ഈസ്റ്റ് പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ നന്ദകുമാർ കെ, സബ് ഇൻസ്പെക്ടർമാരായ ജീസ് മാത്യു, ജയൻ.കെ.എം., അസിസ്റ്റന്റെ് സബ്ബ് ഇൻസ്പെക്ടറായ എസ്വി, സിവിൽ പോലീസ് ഓഫീസർമാരായ ജിനൂപ്, സൂരജ്, അജ്മൽ.എം.എസ്, ആദർശ് എന്നിവരാണ് ഉണ്ടായിരുന്നത്.

Leave a Reply