
കോഴിക്കോട് . പന്തീരാങ്കാവ് ടോള് പ്ലാസയില് സ്വന്തം ക്യുആര് കോഡ് വഴി യാത്രക്കാരില് നിന്ന് പണം കൈപ്പറ്റിയ ഒരാള് പിടിയിലായി. ടോള് കമ്പനി മാനേജരുടെ പരാതിയിലാണ് അറസ്റ്റ്. മധ്യപ്രദേശ് സ്വദേശി നവീൻ സിംഗ് ബധോരിയയാണ് പിടിയിലായത്. കോടതിയില് ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. സംഭവത്തില് ആറുപേര്ക്കെതിരെ പൊലീസ് കേസെടുത്തു. ഒരുമാസത്തിനിടെ ഏഴ് ലക്ഷം രൂപയാണ് സംഘം തട്ടിയത്.
ഫാസ്റ്റ് ടാഗ് ഇല്ലാത്ത വാഹനങ്ങള് കടന്നുപോകുമ്പോള് ജീവനക്കാർ സ്വന്തം നിലയിലുള്ള ക്യുആർ കോഡ് സ്കാനർ കാണിച്ചു കൊടുക്കുകയും, അതിലൂടെ ലഭിക്കുന്ന പണം കമ്പനിയുടെ അക്കൗണ്ടിലേക്ക് പോകാതെ പ്രതികളുടെ സ്വകാര്യ അക്കൗണ്ടുകളിലേക്ക് മാറ്റുകയുമായിരുന്നു. ടോള് പ്ലാസയിലെ മാനേജർ നടത്തിയ പരിശോധനയിലാണ് വലിയ തോതിലുള്ള ഈ തട്ടിപ്പ് പുറത്തുവന്നത്. പണം പ്രതികള് വീതിച്ചെടുക്കുകയായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. സംഭവത്തില് പൊലീസ് വിശദമായ അന്വേഷണം ആരംഭിച്ചു.

Leave a Reply