
തൃശൂർ: ഫ്‌ലാറ്റിലെ ബാത്ത്‌റൂമിൽ പത്തു മണിക്കൂറോളം കുടുങ്ങിക്കിടന്ന എൺപത്തിരണ്ടുകാരിയെ വിയ്യൂർ പൊലീസ് രക്ഷപ്പെടുത്തി. വിയ്യൂർ പള്ളിക്കു സമീപമുള്ള ഫ്‌ലാറ്റിൽ ഒറ്റയ്ക്കു താമസിക്കുന്ന വയോധികയാണ് അപകടത്തിൽപ്പെട്ടത്. രാത്രി ഭക്ഷണം കഴിച്ച് ഉറങ്ങാൻ പോകുന്നതിനു തൊട്ടുമുമ്പ് ബാത്ത്‌റൂമിൽ കയറിയതായിരുന്നു ഇവർ. അകത്തുനിന്നു ലോക്ക് ചെയ്ത് വാതിൽ തുറക്കാൻ സാധിക്കാതെ വരികയായിരുന്നു. അലറിവിളിച്ചെങ്കിലും രാത്രിയായതിനാലും വാതിൽ അടച്ചിരുന്നതിനാലും ആരും ശബ്ദം കേട്ടില്ല. മണിക്കൂറുകളോളം സഹായത്തിനായി നിലവിളിച്ചു തളർന്ന വയോധിക ഒടുവിൽ ബാത്ത്‌റൂമിലെ തറയിൽ തളർന്നുകിടന്നു.
രാവിലെ ഫ്‌ലാറ്റിൽനിന്നു ഞരക്കംകേട്ട സമീപവാസികൾ വാതിൽ തുറക്കാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല. തുടർന്നാണ് വിവരം വിയ്യൂർ പൊലീസ് സ്‌റ്റേഷനിൽ അറിയിച്ചത്. വിയ്യൂർ എസ്എച്ച്ഒ പി.എം. വിമോദിന്റെ നിർദേശപ്രകാരം അസിസ്റ്റന്റ് സബ് ഇൻസ്‌പെക്ടർ സജീവൻ, സീനിയർ സിവിൽ പൊലിസ് ഓഫിസർ സുഫീർ, സിവിൽ പൊലിസ് ഓഫീസർ ലിഷ എന്നിവർ സ്ഥലത്തെത്തി. പാര ഉപയോഗിച്ച് ഫ്‌ലാറ്റിന്റെ മുൻവശത്തെ വാതിൽ കുത്തിത്തുറന്ന് അകത്തുകടന്ന പൊലിസ് ബാത്ത്‌റൂമിന്റെ വാതിൽ തള്ളിത്തുറന്നാണ് വയോധികയെ പുറത്തെത്തിച്ചത്.

Leave a Reply