
തൃശ്ശൂർ. പൊതുജനാരോഗ്യത്തിന് ഹാനികരമായി പ്രവർത്തിച്ചെന്ന് കണ്ടെത്തിയ സ്ഥാപനങ്ങള്‍ക്കെതിരെ കർശന നടപടി സ്വീകരിച്ച് ഭക്ഷ്യസുരക്ഷാ വകുപ്പ്.
സംസ്ഥാന വ്യാപകമായി നടത്തുന്ന ‘ഓപ്പറേഷൻ തെളിമ’ രണ്ടാം ഘട്ടത്തിന്റെ ഭാഗമായി ജില്ലയില്‍ വിവിധയിടങ്ങളില്‍ ഭക്ഷ്യസുരക്ഷാ വകുപ്പ് പരിശോധന നടത്തി. വ്യാവസായിക അടിസ്ഥാനത്തില്‍ എണ്ണക്കടികള്‍ നിർമ്മിച്ച് വിതരണം ചെയ്യുന്ന സ്ഥാപനങ്ങള്‍ കേന്ദ്രീകരിച്ചായിരുന്നു പരിശോധന. നാല് സ്‌ക്വാഡുകളായി തിരിഞ്ഞ് സഞ്ചരിക്കുന്ന ഭക്ഷ്യസുരക്ഷാ ലാബിന്റെ സഹായത്തോടെയാണ് ഉദ്യോഗസ്ഥർ പരിശോധന നടത്തിയത്. പാചക എണ്ണയുടെ പുനരുപയോഗവും സ്ഥാപനങ്ങളിലെ ശുചിത്വവുമായിരുന്നു പരിശോധനാ ഘടകം.
12 സ്ഥാപനങ്ങളില്‍ നടന്ന പരിശോധനയില്‍ വൃത്തിഹീനമായി പ്രവർത്തിച്ച നാല് സമൂസ നിർമ്മാണ കേന്ദ്രങ്ങള്‍ പൂട്ടി. ഇവയുടെ ഭക്ഷ്യസുരക്ഷാ ലൈസൻസ് സസ്‌പെൻഡ് ചെയ്തു. എട്ട് സ്ഥാപനങ്ങള്‍ക്ക് പിഴ ഈടാക്കാൻ ശുപാർശ നല്‍കി. വൃത്തിഹീനമായ സാഹചര്യത്തില്‍ സൂക്ഷിച്ചിരുന്ന പത്ത് കിലോഗ്രാം ഭക്ഷ്യവസ്തുക്കള്‍ നശിപ്പിച്ചു. വിവിധ കേന്ദ്രങ്ങളില്‍ നിന്നായി പാചക എണ്ണയുടെ 22 സാമ്പിളുകള്‍ ശേഖരിച്ചു. തൃശൂർ ഭക്ഷ്യസുരക്ഷാ അസിസ്റ്റന്റ് കമ്മീഷണർ ഇന്ദു വി.എസ് പരിശോധനകള്‍ക്ക് നേതൃത്വം നല്‍കി.

Leave a Reply