തൃശൂർ റെയിൽവേ സ്‌റ്റേഷനിൽ കഞ്ചാവ് വേട്ട; 6 കിലോയോളം കഞ്ചാവുമായി 19കാരൻ പിടിയിൽ

തൃശൂർ: റെയിൽവേ സ്‌റ്റേഷനിൽ പൊലീസിന്റെ പരിശോധനയിൽ പിടിച്ചെടുത്തത് 5.966 കിലോഗ്രാം കഞ്ചാവ്. പശ്ചിമ ബംഗാൾ മുർഷിദാബാദ് സ്വദേശി ആഷിക് ഷെയ്ഖ് (19) ആണ് പിടിയിലായത്. ഇന്നലെ ഉച്ചയ്ക്ക് ഗുരുദേവ് സൂപ്പർഫാസ്റ്റ് എക്‌സ്പ്രസിൽ തൃശൂരിലെത്തിയ യുവാവിന്റെ പെരുമാറ്റത്തിൽ സംശയം തോന്നിയതിനെത്തുടർന്നാണ് റെയിൽവേ പൊലീസ് പരിശോധന നടത്തിയത്. പ്യൂമ ഷോൾഡർ ബാഗിൽ ആറ് പാക്കറ്റുകളിലായി സെല്ലോടേപ്പ് ചുറ്റി ഒളിപ്പിച്ച നിലയിലായിരുന്നു കഞ്ചാവ് കണ്ടെത്തിയത്.

ബംഗാളിൽ നിന്ന് കഞ്ചാവ് തൃശൂരിലെത്തിച്ചാൽ 20,000 രൂപ നൽകാമെന്ന് വാഗ്ദാനം ചെയ്തിരുന്നതായാണ് ചോദ്യം ചെയ്യലിൽ യുവാവ് മൊഴി നൽകിയതെന്ന് പൊലീസ് അറിയിച്ചു. ‘ഓപ്പറേഷൻ തൂഫാൻ’, ‘ദി നർകോ ഹണ്ട്’ എന്നിവയുടെ ഭാഗമായി നടത്തിയ പരിശോധനയിലാണ് അറസ്റ്റ്. എൻ.ഡി.പി.എസ് നിയമപ്രകാരം കേസെടുത്ത പൊലീസ് പ്രതിയെയും തൊണ്ടിമുതലും കോടതിയിൽ ഹാജരാക്കി.

Leave a Reply

Powered by WordPress.com.

Up ↑