
മാന്ദാമംഗലം: കാട്ടാനശല്യം പ്രതിരോധിക്കാൻ ജനകീയസമിതിയും സ്പെഷൽ തൊഴിലുറപ്പ് ഗ്രാമസഭയും ചേർന്നു. വെള്ളക്കാരിത്തടത്ത് കാട്ടാനയിറങ്ങി വ്യാപകമായി കാർഷിക വിളകൾ നശിപ്പിച്ചതിനെ തുടർന്നാണ് പ്രതിരോധമാർഗങ്ങൾ ചർച്ചചെയ്യാൻ സംയുക്ത യോഗം ചേർന്നത്.
വെള്ളക്കാരിത്തടം, മരോട്ടിച്ചാൽ, പീച്ചി തുടങ്ങിയ വനമേഖലകളിൽനിന്നു കാട്ടാനകൾ ജനവാസ മേഖലയിലേക്ക് ഇറങ്ങി കൃഷികൾ നശിപ്പിക്കുന്നത് പതിവായിരിക്കുകയാണ്. കാട്ടാനകൾ ജനവാസ മേഖലയിലേക്ക് കടക്കുന്നത് തടയാൻ തൊഴിലുറപ്പ് തൊഴിലാളികളെ ഉൾപ്പെടുത്തി വനാതിർത്തിയിൽ ട്രഞ്ചുകൾ നിർമിക്കാൻ യോഗം തീരുമാനിച്ചു. വനംവകുപ്പുമായി സഹകരിച്ച് അടിയന്തരമായി ട്രഞ്ച് നിർമാണം ആരംഭിക്കാനും ധാരണയായി.
കാട്ടാനശല്യം രൂക്ഷമായ പ്രദേശങ്ങളിൽ രാത്രികാല പട്രോളിംഗ് ശക്തമാക്കാനും ജനങ്ങൾക്ക് മുന്നറിയിപ്പ് നൽകുന്നതിനുള്ള സംവിധാനം ഏർപ്പെടുത്താനും യോഗം ആവശ്യപ്പെട്ടു. കൃഷിനശിച്ച കർഷകർക്ക് നഷ്ടപരിഹാരം വേഗത്തിൽ ലഭ്യമാക്കണമെന്നും യോഗം ആവശ്യപ്പെട്ടു.
യോഗത്തിൽ കെ. രാജൻ എംഎൽഎ, ഒല്ലൂക്കര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശ്രീവിദ്യ രാജേഷ്, പുത്തൂർ പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു സേതുമാധവൻ, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ മിനി ഉണ്ണികൃഷ്ണൻ, പി.എസ്. അഖിൽ, വാർഡ് മെംബർ മിനി റെജി, ടി.കെ. ശ്രീനിവാസൻ, രാജി ഗിരിജ, പ്രിയങ്ക സനീഷ്, സി.കെ. തിലകൻ, റെജി പുറ്റാനി, ജോസി ബേബി, സിബി അജി തുടങ്ങിയവർ സംസാരിച്ചു.

Leave a Reply