ടാങ്കർ ലോറികളിലെ കുടിവെള്ള വിതരണം : കർശന നിർദേശവുമായി ഭൂജല വകുപ്പ്

തിരുവനന്തപുരം. കുടിവെള്ള ആവശ്യങ്ങൾക്കായി സ്വകാര്യ ടാങ്കർ ലോറികൾ മുഖേന ബൾക്ക് വാട്ടർ സപ്ലൈ നടത്തുന്നതിനായി കിണറുകളിൽ നിന്നും ഭൂജലം ശേഖരിക്കുന്ന വ്യക്തികളും സ്ഥാപനങ്ങളും സംസ്ഥാന ഭൂജല അതോറിറ്റിയുടെ എൻഒസി നിർബന്ധമായും നേടിയിരിക്കണമെന്ന് ഭൂജല വകുപ്പ് ജില്ലാ ഓഫീസർ അറിയിച്ചു. പുതിയ എൻഒസി യ്ക്ക് 10,000 രൂപയും പുതുക്കുന്നതിന് 5,000 രൂപയുമാണ് ഫീസ്. എൻഒസിയുടെ കാലാവധി മൂന്ന് വർഷമാണ്. ഭൂജല ശേഖരണത്തിന്റെ അളവ് നിർണയിക്കുന്നതിന് ടെലിമെട്രി സംവിധാനത്തോടുകൂടിയ ഡിജിറ്റൽ ഫ്ലോ മീറ്റർ സ്ഥാപിക്കുകയും പ്രതിദിന ശേഖരണത്തിന്റെ ലോഗ് ബുക്ക് സൂക്ഷിക്കുകയും നിശ്ചിത ഭൂജല ശേഖരണ ചാർജ് അടയ്ക്കുകയും വേണം.

കൂടാതെ, മഴവെള്ള സംഭരണവും കൃത്രിമ ഭൂജല സംപോഷണ സംവിധാനങ്ങളും ഏർപ്പെടുത്തുകയും വിതരണം ചെയ്യുന്ന ജലത്തിന്റെ ഗുണനിലവാരം ഉറപ്പുവരുത്തുകയും വേണം. വ്യാവസായിക ആവശ്യങ്ങൾക്കും നിർമാണ പ്രവർത്തനങ്ങൾക്കും ബൾക്ക് വാട്ടർ സപ്ലൈക്ക് അനുമതി അനുവദിക്കുന്നതല്ല. എൻഒസി ഇല്ലാതെയോ അനുമതി വ്യവസ്ഥകൾ ലംഘിച്ചോ ഭൂജലം ശേഖരിക്കുന്നവർക്ക് 50,000 മുതൽ 5,00,000 വരെ പിഴയും അതോടൊപ്പം നിയമനടപടികളും നേരിടേണ്ടിവരും. ടാങ്കർ ലോറികൾ മുഖേന ജലവിതരണം നടത്തുന്ന എല്ലാ വ്യക്തികളും സ്ഥാപനങ്ങളും ആവശ്യമായ രേഖകൾ സഹിതം ജില്ലാ ഭൂജല വകുപ്പ് ഓഫീസുമായി ബന്ധപ്പെട്ട് നിയമാനുസൃത അനുമതി നേടേണ്ടതാണ്.

Leave a Reply

Powered by WordPress.com.

Up ↑